കണ്ണൂർ: മകൾ വീണയുടെ ചുവന്ന ഡയറി കണ്ടെത്തിയെന്നും എല്ലാ കാര്യങ്ങളും സമ്മതിച്ചെന്നുമുള്ള വാർത്ത പച്ചക്കള്ളമാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. ഉണ്ടയില്ലാ വെടികേട്ട് ഞെട്ടുമെന്ന് കരുതേണ്ടാ. ഇ.ഡി.യുടെ അന്വേഷണം തന്നിലേക്ക് എത്തിച്ച്, അതിലൂടെ പാർട്ടിയെ തകർക്കാനാണ് ശ്രമം. മുഹമ്മദ് റിയാസിനെതിരേയുള്ള ആരോപണം പൊട്ടിപ്പാളീസായില്ലേയെന്നും അന്വേഷണ ഏജൻസി അന്തസ്സു കാണിക്കണമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.
To advertise here,
അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് തകർത്തുകളയാമെന്ന ദുർമോഹം വേണ്ടാ. കോടതിയിൽ പരാജയപ്പെട്ട ആരോപണങ്ങൾക്ക് രാഷ്ട്രീയവ്യാഖ്യാനം സൃഷ്ടിക്കാനാണ് ഇ.ഡി. ശ്രമം. മൂന്നു കോടതികൾ പരിശോധിച്ച അതേ ആരോപണങ്ങൾ പുതിയ പേരിലും ഉയർത്തുന്നത് എന്തിനാണ്?
സേവനം നൽകാതെ എക്സാലോജിക്കിന് സി.എം.ആർ.എൽ. പണം നൽകിയെന്നായിരുന്നു ഇ.ഡി.യുടെ ആദ്യത്തെ ആരോപണം. എക്സാലോജികിന് പണംനൽകിയത് കൈക്കൂലിയെന്നാണ് പുതിയ ഭാഷ്യം. സി.എം.ആർ.എല്ലിന് എന്ത് വഴിവിട്ട സഹായമാണ് താൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് നൽകിയത്. കേരള ഹൈക്കോടതി തന്നെ തെളിവില്ലെന്ന് പറഞ്ഞതാണ് ഇക്കാര്യമെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എമ്മിന്റെ സംസ്ഥാനസെക്രട്ടറിയായി പ്രവർത്തിക്കുന്നതിനു മുൻപും പിൻപും പല കടന്നാക്രമണങ്ങളും ഉണ്ടായിട്ടുണ്ട്. അതൊക്കെ താനെന്ന വ്യക്തിയെ ഉദ്ദേശിച്ചല്ലെന്നും പ്രസ്ഥാനത്തിന് നേരേയുള്ളതാണെന്നുമുള്ള തിരിച്ചറിവാണ് ഉണ്ടായിരുന്നത്. ആ തിരിച്ചറിവോടെയാണ് അതിനെ പ്രതിരോധിക്കാൻ തയ്യാറായത്. ഒരു ഘട്ടത്തിലും അത്തരം കടന്നാക്രമണങ്ങൾക്ക് വിജയിക്കാനായിട്ടില്ല.
ഡി.ജി.പി.ക്ക് നൽകിയ കത്തിലെ വിവരങ്ങൾ ഇ.ഡി. മാധ്യമങ്ങൾക്ക് ചോർത്തി നൽകി. തനിക്ക് ഇ.ഡി.യുടെ ഒരു കത്തും ലഭിച്ചിട്ടില്ലെന്നും പിണറായി പറഞ്ഞു. സി.പി.ഐ. എന്തുകൊണ്ട് ഇതിൽ പ്രതികരിക്കുന്നില്ലെന്ന ചോദ്യത്തിന് അക്കാര്യം തനിക്കു പറയാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
സേവനം നൽകിയില്ലെന്ന വീണയുടെ മൊഴി ഇ.ഡി. രേഖയിൽ
കൊച്ചി: സി.എം.ആർ.എൽ. കമ്പനിക്ക് സേവനമൊന്നും നൽകാതെയാണ് എക്സാലോജിക് സൊലൂഷൻസ് 2.78 കോടി രൂപ കൈപ്പറ്റിയതെന്ന് മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയുടെ മൊഴി ഇ.ഡി. രേഖയിൽ.
സേവനം സംബന്ധിച്ച തെളിവുകളൊന്നും നൽകാൻ വീണയ്ക്കുകഴിഞ്ഞില്ലെന്നും കൊച്ചി ഓഫീസിൽനിന്ന് ഇ.ഡി. ഡൽഹി അജുഡിക്കേറ്റിങ് അതോറിറ്റിക്കു നൽകിയ രേഖകളിൽ പറയുന്നു.
സി.എം.ആർ.എലിന് എക്സാലോജിക് കമ്പനി സേവനം നൽകിയില്ലെന്നു വീണ മൊഴിനൽകിയിട്ടില്ലെന്ന് ഭർത്താവും മുൻമന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ശനിയാഴ്ച പിണറായിയും ഇക്കാര്യം ആവർത്തിച്ചിരുന്നു.
സി.എം.ആർ.എൽ. സ്ഥാപക എം.ഡി. എസ്.എൻ. ശശിധരൻ കർത്തയുടെ മൊഴിയിലും വീണയ്ക്കും എക്സാലോജിക്കിനും പണം കൈമാറിയത് എന്റർപ്രൈസ് റിസോഴ്‌സ് പ്ലാനിങ് (ഇ.ആർ.പി.) സേവനങ്ങളൊന്നും നൽകാതെയായിരുന്നെന്നാണ്. ഇക്കാര്യം വീണയും സമ്മതിച്ചു എന്നാണ് ഇ.ഡി. റിപ്പോർട്ടിലുള്ളത്.
ഇരുവരും നൽകിയിരിക്കുന്ന മൊഴി പി.എം.എൽ.എ. സെക്‌ഷൻ 50 പ്രകാരമുള്ളതാണ്. ഇത്തരത്തിലുള്ള മൊഴി നീതിന്യായ നടപടിക്രമത്തിന് തുല്യമായാണ് കണക്കാക്കുന്നത്. അതിനാൽ, ഈ മൊഴി വിചാരണവേളയിൽ പ്രതിക്കെതിരേ നേരിട്ട് തെളിവായി ഉപയോഗിക്കാൻ സാധിക്കും.
ഇങ്ങനെ രേഖപ്പെടുത്തുന്ന മൊഴി പിൻവലിക്കലും എളുപ്പമല്ല. ഭീഷണിയോ സമ്മർദമോ കാരണമാണ് മൊഴി നൽകിയതെന്ന് വ്യക്തമായ തെളിവുകളോടെ തെളിയിച്ചാലേ കോടതിയിൽ ഇത് തിരുത്താനാകൂ.
Content Highlights: Opposition leader Pinarayi Vijayan refutes claims about his daughter Veena’s diary and allegations against him, stating they are baseless and politically motivated attempts to undermine his party. The Enforcement Directorate (ED) accuses Exalogic Solutions of receiving payment without providing services to CMRL, with Veena’s statement included in ED’s records, though her husband denies such claims.
Published: 13 Sept 2026, 07:03 am IST
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.














Leave a Reply