കൊച്ചി ∙ നെടുമ്പാശേരിയിൽ ആഡംബര കാറിടിച്ച് 3 പേർ കൊല്ലപ്പെട്ട സംഭവത്തിൽ, കാറോടിച്ചിരുന്ന മുഖ്യപ്രതി സുഹൈൽ സജീവ് (19) അമിതമായി മദ്യപിച്ചിരുന്നെന്നു തെളിഞ്ഞു. സുഹൈലിന്റെ രക്തസാംപിൾ അടക്കം പരിശോധിച്ച കാക്കനാട്ടെ റീജനൽ കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറിയുടെ പരിശോധനയിലാണ് ഇത് വ്യക്തമായത്. രാസലഹരി ഉപയോഗിച്ചിരുന്നോ എന്നത് കൂടുതൽ പരിശോധനയിലേ വ്യക്തമാകൂ. എന്നാൽ എത്രയാണ് കണ്ടെത്തിയ മദ്യത്തിന്റെ അളവ് എന്നത് പുറത്തുവിട്ടിട്ടില്ല. അതിനിടെ, കാക്കനാട് ജില്ലാ ജയിലിനോട് ചേർന്നുള്ള ബോസ്റ്റൽ സ്കൂളിൽ പാർപ്പിച്ചിട്ടുള്ള സുൈഹലും കൂട്ടുപ്രതികളും മുടിമുറിച്ചത് സാധാരണ നടപടിക്രമം മാത്രമാണ് എന്നാണ് അധികൃതരുടെ വിശദീകരണം.
ഞായറാഴ്ച വെളുപ്പിനെ രണ്ടു മണിയോടെയാണ് സുഹൈൽ ഓടിച്ചിരുന്ന ആഡംബര കാർ സ്കൂട്ടറിനു പിന്നിലിടിച്ച് വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, സുള്ള്യ സ്വദേശി ഇയാസ് എന്നിവർ മരിച്ചത്. തുടർന്ന് കാറിൽനിന്ന് നാട്ടുകാർ സുഹൈലിനെ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു. പക്ഷേ രാവിലെ 6.59ന് തയാറാക്കിയ എഫ്ഐആറിൽ സുഹൈലിന്റെ പേര് പരാമർശിക്കാതിരുന്നതും മദ്യപിച്ചിരുന്നു എന്ന് ചേർക്കാതിരുന്നതും ഏറെ വിവാദമായിരുന്നു. മരിച്ചവരുടെ ബന്ധുക്കൾ തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടി രംഗത്തു വരികയും ചെയ്തു. പ്രതിയെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇതെന്നായിരുന്നു ആരോപണം.
എന്നാൽ സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ തയാറാക്കിയതെന്നും കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ, സുഹൈൽ മദ്യപിച്ചിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നും കേസന്വേഷണത്തിന് നേതൃത്വം നൽകുന്ന ആലുവ റൂറൽ എസ്പി കെ.എസ്.സുദർശൻ വിശദീകരിക്കുകയും ചെയ്തു. പ്രതി മദ്യപിച്ചിരുന്നോ, മറ്റെന്തെങ്കിലും ലഹരി ഉപയോഗിച്ചിരുന്നോ എന്ന് പരിശോധിക്കണമെന്നും റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നാണ് ഇന്ന് ലഭിച്ച പരിശോധനാഫലത്തിൽ സുഹൈൽ മദ്യപിച്ചിരുന്നതായി വ്യക്തമായത്.
23 വയസിൽ താഴെയുള്ളവർക്ക് മദ്യം നൽകാൻ പാടില്ലെന്നിരിക്കെ, സുഹൈലിനും സുഹൃത്തുക്കൾക്കും മദ്യം നൽകിയ പാലാരിവട്ടം, വൈറ്റില, നെടുമ്പാശേരി എന്നിവിടങ്ങളിലെ ബാറുകളുടെ ലൈസൻസ് എക്സൈസ് കമ്മിഷണർ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. കസ്റ്റഡിയിൽ ലഭിച്ച സുഹൈലുമായി നെടുമ്പാശേരി പൊലീസ് ഇന്ന് ബാറിലും അപകടമുണ്ടായ സ്ഥലത്തുമെത്തി തെളിവെടുപ്പ് നടത്തി. ഉച്ചയ്ക്ക് 12.30 മുതൽ പിറ്റേന്ന് വെളുപ്പിന് ഒന്നര വരെ സുഹൈൽ 3 ബാറുകളിൽ നിന്നു മദ്യപിച്ചിരുന്നെന്ന് എക്സൈസ് കണ്ടെത്തിയിരുന്നു.
അതിനിടെയാണ്, സുഹൈൽ മുടി മുറിച്ചത് സാക്ഷികളെ തെറ്റിദ്ധരിപ്പിക്കാനാണെന്ന ആക്ഷേപം ഉയർന്നത്. അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ എത്തിച്ചപ്പോൾ, സുഹൈൽ നീട്ടി വളർത്തിയിരുന്ന മുടി പറ്റേ വെട്ടിയ നിലയിലായിരുന്നു. കൂട്ടുപ്രതികളായ നിനവ്, അമീർ, ജോയൽ എന്നിവരും സമാനമായി മുറി മുറിച്ചിരുന്നു. എന്നാൽ ഇത് സാധാരണ നടപടിക്രമം മാത്രമാണെന്നാണ് ബോസ്റ്റൽ സ്കൂൾ അധികൃതരുടെ വാദം. 66 അന്തേവാസികളെ മാത്രം പാർപ്പിക്കാൻ സൗകര്യമുള്ള ഇവിടെ 131 പേരുണ്ട്. ഇതിൽ 108 പേരോളം റിമാൻഡ് തടവുകാരാണ്. ഇവിടുത്തെ അന്തേവാസികളുടെ വ്യക്തിശുചിത്വം പാലിക്കുന്നതിനായി അവർക്ക് മുടി മുറിക്കുന്നതിനുള്ള ട്രിമ്മർ നൽകിയിട്ടുണ്ട്. ഇതുപയോഗിച്ചാണ് സുഹൈലും മറ്റുള്ളവരും മുടി മുറിച്ചത്. മറ്റു തടവുകാരും ഇക്കാര്യങ്ങൾ ചെയ്യുന്നുണ്ട്. എന്നാൽ ഇവിടെ ബ്ലെയ്ഡ് അനുവദിക്കാറില്ലെന്നും അധികൃതർ പറയുന്നു. എന്നാൽ തെളിവെടുപ്പ് സമയത്ത് ആശയക്കുഴപ്പം ഉണ്ടാക്കാനാണ് ഇത്തരത്തിലൊരു നടപടിയെന്നാണ് സമൂഹമാധ്യമങ്ങളിലടക്കം ഉയരുന്ന ആക്ഷേപങ്ങൾ.
English Summary:
Nedumbassery luxury car accident investigation confirmed that the main accused, Suhail Sajeev, was heavily drunk at the time of the crash that killed three youths. The chemical analysis report from Kakkanad laboratory proved alcohol consumption, while authorities also suspended the licenses of the bars that served alcohol to the underage accused.
mo-news-common-latestnews 6c4mahe2ktutv4tmfqemvihdc4 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-crime-crimekerala mo-news-kerala-districts-ernakulam-nedumbassery mo-crime-crime-news mo-news-common-keralanews













Leave a Reply