നിയമം നടപ്പാക്കാൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥൻ കടുത്ത നിയമലംഘനത്തിനു പിടിയിലായതിന്റെ ഞെട്ടലിലാണ് കേരളം. തന്റെ പദവിയുടെ ബലത്തിൽ തലസ്ഥാനനഗരത്തിൽ അനാശാസ്യ ഇടപാടുകൾക്ക് അയാൾ നേതൃത്വം നൽകിയെന്ന പൊലീസ് കണ്ടെത്തൽ ഒട്ടേറെ ചോദ്യങ്ങളും ആശങ്കകളും ഉയർത്തുന്നു. കോവളത്തെ സ്പായിൽ ആന്ധ്ര സ്വദേശിയായ 16 വയസ്സുകാരി ലൈംഗികപീഡനത്തിനിരയായ കേസിൽ അറസ്റ്റിലായ കോർപറേഷൻ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിനെതിരെ പൊലീസിനു ലഭിച്ചത് ഗൗരവമുള്ള തെളിവുകളാണ്. തിരുവനന്തപുരത്തും പുറത്തുമായി പ്രവർത്തിക്കുന്ന സ്പാ ശൃംഖലയിലെ പ്രധാന കണ്ണിയാണ് ഇയാളെന്നാണ് പ്രാഥമികാന്വേഷണത്തിലെ കണ്ടെത്തൽ.
സംസ്ഥാനത്തിനു പുറത്തുനിന്നു സ്ത്രീകളെ കൊണ്ടുവരുന്നതിൽ അനുരൂപിനുള്ള പങ്കിനെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരത്തെ പല സ്പാകളുടെയും നടത്തിപ്പിൽ ഇയാൾക്കു പങ്കുണ്ടെന്നാണു പൊലീസിന്റെ നിഗമനം. ഇയാളുമായി ബന്ധമുണ്ടെന്നു കരുതുന്ന യുവതിയും സംശയനിഴലിലാണ്. പീഡനത്തിനിരയായ പെൺകുട്ടിയുമായി യുവതി ബന്ധം പുലർത്തിയിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. വിഴിഞ്ഞത്തു ജോലി ചെയ്യുമ്പോൾ അനുരൂപിനെതിരെ കൈക്കൂലി ആരോപണം ഉയർന്നതിനെത്തുടർന്ന് തിരുമല, തിരുവല്ലം എന്നിവിടങ്ങളിലേക്കു സ്ഥലംമാറ്റി. ഇപ്പോൾ ഉള്ളൂർ സോണൽ ഓഫിസിലാണ്. അനുരൂപിന്റെ 4 ബാങ്ക് അക്കൗണ്ടുകളിലായി ലക്ഷക്കണക്കിനു രൂപയുടെ പണമിടപാടുകൾ കണ്ടെത്തിയിട്ടുണ്ട്. കേസിൽ അറസ്റ്റിലായ നിഷാന്ത് കോവളത്ത് ഡ്രീംസ് സ്പാ തുടങ്ങിയത് അനുരൂപിന്റെ പ്രേരണയിലാണ്. പെൺകുട്ടിയെ കോവളത്ത് എത്തിച്ചതും അനുരൂപുമായി സംസാരിച്ചതിനു ശേഷമാണെന്നു പൊലീസിനു മൊഴി ലഭിച്ചു.
സസ്പെൻഷനിലായ അനുരൂപിനെ പിരിച്ചുവിടുന്നതിനെക്കുറിച്ചും കോർപറേഷൻ അധികൃതർ ആലോചിക്കുന്നുണ്ട്. കോവളത്തെ സ്പായിൽ മറ്റു പെൺകുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളും ഇടപാടുകാരുടെ റജിസ്റ്ററും ഉൾപ്പെടെയുള്ളവ സ്പാ ജീവനക്കാർ നശിപ്പിച്ചെന്നു വിവരമുണ്ട്. ഇടപാടുകാരുടെ യുപിഐ ഇടപാട് വിവരങ്ങൾ, ലഭ്യമായ റജിസ്റ്റർ, സിസിടിവി ദൃശ്യങ്ങൾ, ഫോൺ നമ്പറുകൾ തുടങ്ങിയവ സൈബർ സംഘത്തിനും ഫൊറൻസിക്കിനും കൈമാറി. ഇടപാടുകാരെ കണ്ടെത്തി പെൺകുട്ടിയുടെ സാന്നിധ്യത്തിൽ തിരിച്ചറിയൽ പരേഡ് നടത്തും.
അവളനുഭവിച്ചു, ക്രൂരപീഡനം
കോവളത്തെ സ്പായിൽ 16 വയസ്സുകാരി അനുഭവിച്ചതു ക്രൂരപീഡനമെന്നു വിവരം. ആന്ധ്ര സ്വദേശിനിയായ പെൺകുട്ടിയുടെ മാതാപിതാക്കൾ മരിച്ചതിനെത്തുടർന്ന് മാതൃസഹോദരിയാണ് വളർത്തിയത്. ബെംഗളൂരുവിലും ചെന്നൈയിലുമായി സ്പാകളിൽ ജോലിക്കു നിർത്തി. തമിഴ്നാട്ടിലെ ചെങ്കൽപെട്ട് ജില്ലയിലെ ഗുഡുവാഞ്ചേരിയിൽ സ്പായിൽ ലൈംഗിക പീഡനത്തിനിരയായി. അവിടെനിന്നാണ് കോവളത്തെ സ്പായിലേക്ക് എത്തിച്ചത്. ലൈംഗിക ചൂഷണത്തിനു വിട്ടുകൊടുത്ത് മാതൃസഹോദരി പണം കൈപ്പറ്റിയിരുന്നെന്നാണ് പൊലീസ് നൽകുന്ന സൂചന.
കുട്ടി എതിർത്താൽ സ്വകാര്യ ഭാഗങ്ങളിലുൾപ്പെടെ പൊള്ളലേൽപിക്കുന്നതും പതിവായിരുന്നു. മാതൃസഹോദരിയും ഭർത്താവും ഇതേ സ്പായിൽ ശുചീകരണ ജീവനക്കാരായി ജോലി ചെയ്തിരുന്നു. സെപ്റ്റംബർ 21നു പെൺകുട്ടിയെ കാണാതായതായി മാതൃസഹോദരി നൽകിയ പരാതിയെത്തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. പരാതിക്കാരിയുടെ മൊബൈലിൽനിന്നു പൊലീസ് രണ്ട് ആധാർ കാർഡുകൾ കണ്ടെത്തി. അതിൽ ഒന്നിൽ പ്രായം ഇരുപതും മറ്റൊന്നിൽ പതിനാറും! സംശയം തോന്നി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ക്രൂരപീഡനം പുറത്തറിഞ്ഞത്.

Representative image
സ്പായല്ല, ഇത് ‘മിനി റെഡ് സ്ട്രീറ്റ്’
കൊച്ചിയിൽ സൗത്ത് റെയിൽവേ സ്റ്റേഷനിൽനിന്ന് ഓട്ടോ പിടിച്ചെത്താവുന്ന ദൂരത്ത് ‘മിനി റെഡ് സ്ട്രീറ്റ്’ എന്നു രഹസ്യപ്പേരു പതിഞ്ഞൊരു സ്പായുണ്ട്. മുംബൈയിലെ ചുവന്ന തെരുവിനു സമാനമായ പ്രവർത്തനമാണ് പേരിനു കാരണം. സ്പായെന്നാണു പേരെങ്കിലും സാധാരണ മസാജല്ല ഇവർ ഓഫർ ചെയ്യുന്ന ‘സർവീസ്’. ഗോൾഡൻ ബാത്ത്, ബട്ടർഫ്ലൈ, സാൻവിച്ച് തുടങ്ങിയ പേരുകളിലാണു സർവീസുകൾ. ഇവ എന്തൊക്കെയാണെന്നു സഭ്യതയുടെ അതിർവരമ്പുകൾക്കുള്ളിൽനിന്നു വിശദീകരിക്കാൻ കഴിയില്ല. ബംഗ്ലദേശികൾ മുതൽ ആഫ്രിക്കക്കാരികൾ വരെ ഇവിടെയുണ്ട്. മാസപ്പടിയുടെ തൂക്കം കാരണം റെയ്ഡോ നിയമനടപടികളോ ഉണ്ടാകാറില്ല.
കൊച്ചിയിലെ വൻകിട ഗുണ്ടാസംഘങ്ങളുടെ സുരക്ഷയിലാണു സ്പായുടെ പ്രവർത്തനം. പല നാടുകളിൽനിന്നു റിക്രൂട്ട് ചെയ്യപ്പെടുന്ന സ്ത്രീകളിൽനിന്നു 3,000 രൂപ വാങ്ങി മസാജ് തെറപ്പി സർട്ടിഫിക്കറ്റ് വ്യാജമായി പ്രിന്റ് ചെയ്തു കൊടുക്കാൻവരെ ഇവർക്കു സംവിധാനമുണ്ട്. യുവതീയുവാക്കളെ ആകർഷിക്കാനും കയ്യിൽ മാർഗങ്ങളുണ്ട്. ഫുൾ സർവീസ് തേടിയെത്തുന്ന ചെറുപ്പക്കാരോടു തഞ്ചത്തിൽ ‘യൂസ്’ ചെയ്യാറുണ്ടോ എന്ന ചോദ്യമെറിയും. ലഹരി ഉപയോഗിക്കുന്നയാളാണോ എന്നാണർഥം.
ഉവ്വെന്നാണു മറുപടിയെങ്കിൽ കഞ്ചാവും രാസലഹരിയും എത്തിക്കും. സുരക്ഷിതമായി ലഹരി ഉപയോഗിക്കാൻ മാത്രമായി സ്പായിൽ എത്തുന്നവരേറെ. രാത്രി ഉറങ്ങാതിരിക്കാനും ക്ഷീണമറിയാതെ ജോലി ചെയ്യാനും ജീവനക്കാരികൾക്കും ലഹരി നൽകാറുണ്ട്. പ്രമുഖ പ്രാദേശിക രാഷ്ട്രീയനേതാവാണു മാസപ്പടി ഏകോപിപ്പിക്കുന്നതും കൃത്യമായി വിതരണം ചെയ്യുന്നതും. അതുകൊണ്ടുതന്നെ പരാതികൾ ഉയർന്നാലും ഒതുക്കപ്പെടും.
ധനനഷ്ടം, മർദനം, മാനഹാനി
തൃശൂർ മണ്ണുത്തി മേഖലയിലെ സ്പായിൽ ‘ഫുൾ സർവീസ്’ ആവശ്യപ്പെട്ടെത്തിയ ആൾക്ക് ഈയിടെയുണ്ടായതു ധനനഷ്ടവും മാനഹാനിയും ഒപ്പം മർദനവും. അടച്ചിട്ട മസാജ് മുറിയിലെ പ്രവൃത്തികൾ ഒളിക്യാമറയിൽ റിക്കോർഡ് ചെയ്യപ്പെടുന്നുണ്ടെന്ന വിവരം ഉപയോക്താവ് അറിഞ്ഞില്ല. 2,000 രൂപ കൊടുത്തു പോകാനിറങ്ങിയപ്പോൾ ഇയാളെ ജീവനക്കാരിൽ ചിലർ പിടിച്ചുവച്ചു. ഒളിക്യാമറ ദൃശ്യങ്ങൾകാട്ടി പണം ആവശ്യപ്പെട്ടു. പഴ്സും ഫോണും പിടിച്ചുവച്ചു. കയ്യിലുണ്ടായിരുന്ന 75,000 രൂപ നൽകിയെങ്കിലും പോരെന്നായി. ഇതോടെ ഇവരെയും കൂട്ടി പുറത്തിറങ്ങി എടിഎം കൗണ്ടറിലെത്തി 25,000 രൂപ കൂടി എടുത്തുനൽകിയാണ് ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യിച്ചതും തലയൂരിയതും. വിവരമറിഞ്ഞ പൊലീസ് ഉപയോക്താവിനെ സമീപിച്ചെങ്കിലും പരാതിയില്ലെന്നും മാനം തിരിച്ചുകിട്ടിയതു ഭാഗ്യമെന്നും പറഞ്ഞ് അയാൾ വലിഞ്ഞു.
അന്വേഷണത്തിന് തമിഴ്നാട് പൊലീസും
കോവളത്തെ സ്പായിൽ പീഡനത്തിനിരയായ പെൺകുട്ടി, ചെങ്കൽപെട്ട് ജില്ലയിലെ ഗുഡുവാഞ്ചേരിയിൽ പീഡനത്തിനിരയായെന്ന ആരോപണം തമിഴ്നാട് പൊലീസ് അന്വേഷിക്കും. പെൺകുട്ടിയെ 2025 ഏപ്രിൽ, മേയ് മാസങ്ങളിൽ ഗുഡുവാഞ്ചേരി റെയിൽവേ സ്റ്റേഷനു സമീപമുള്ള വീട്ടിൽ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന ആരോപണമാണ് അന്വേഷിക്കുന്നത്.
നാളെ: തെറപ്പിസ്റ്റുകൾ; ചതിക്കപ്പെട്ടും കടത്തപ്പെട്ടും













Leave a Reply