തിരക്കുപിടിച്ച നഗരജീവിതത്തിൽ നിന്നും ശ്വാസംമുട്ടിക്കുന്ന ഓഫിസുകളിൽ നിന്നും മാറി, മേഘങ്ങൾ തൊട്ടുരുമ്മി നിൽക്കുന്ന ശാന്തമായൊരു പർവതശിഖരത്തിൽ ഇരുന്ന് ജോലി ചെയ്യുക എന്നത് ഏതൊരു ഉദ്യോഗാർഥിയുടെയും മനോഹരമായൊരു സ്വപ്നമാണ്. എന്നാൽ, വെറുതെ മേഘങ്ങളെയും പ്രകൃതിയെയും കണ്ടിരിക്കാൻ മാത്രം ഒരു മാസത്തേക്ക് 8.5 ലക്ഷം രൂപ (60,000 യുവാൻ) ശമ്പളം ലഭിച്ചാലോ? കേൾക്കുമ്പോൾ അവിശ്വസനീയമെന്ന് തോന്നാമെങ്കിലും, ചൈനയിലെ ഒരു ചെറുപ്പക്കാരന് ഇത് കേവലം ഒരു സ്വപ്നമായിരുന്നില്ല, മറിച്ച് യാഥാർഥ്യമായിരുന്നു.

Representative Image: Photo Credit: Liam Shannon Photography/shutterstock
‘ദേവലോകത്തെ ജോലി’
ചൈനയിലെ ഹെനാൻ പ്രവിശ്യയിലുള്ള പ്രശസ്തമായ ലാവോജുൻ പർവത ടൂറിസം അധികൃതരാണ് കഴിഞ്ഞ ജൂലൈയിൽ അപൂർവമായ തൊഴിലവസരം പ്രഖ്യാപിച്ചത്. ‘ക്ലൗഡ്സ്കേപ്പ് ഒബ്സർവർ’ എന്നായിരുന്നു തസ്തികയുടെ പേര്. ജൂലൈ 16 മുതൽ ഓഗസ്റ്റ് 15 വരെയുള്ള ഒരു മാസക്കാലത്തേക്ക് പർവതമുകളിൽ താമസിച്ച്, മാറിക്കൊണ്ടിരിക്കുന്ന മേഘങ്ങളുടെയും പ്രകൃതിദൃശ്യങ്ങളുടെയും ദൃശ്യങ്ങൾ പകർത്തുകയും ദിവസവും സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുകയുമായിരുന്നു ജോലി.
സൗജന്യ താമസ സൗകര്യവും വൻ തുക ശമ്പളവും വാഗ്ദാനം ചെയ്ത ഈ ജോലി ചൈനയിൽ വൻ തരംഗമായി മാറി. ജനങ്ങൾ ഇതിനെ ‘സ്വപ്ന ജോലി’ എന്നും ‘മാലാഖമാരുടെ ജോലി’ എന്നും വിശേഷിപ്പിച്ചു. പ്രഖ്യാപനം വന്ന് ഒരാഴ്ചയ്ക്കുള്ളിൽ 3,500-ലധികം ആളുകളാണ് ഈ ഒറ്റ തസ്തികയിലേക്ക് അപേക്ഷിച്ചത്.
ഫൊട്ടോഗ്രഫർമാരെ പിന്നിലാക്കി 23-കാരൻ
നിർദിഷ്ട ഹാഷ്ടാഗുകളോടെ അപേക്ഷകർ സമർപ്പിച്ച വിഡിയോകളുടെ നിലവാരവും ജനപ്രീതിയും കണക്കിലെടുത്താണ് വിനോദസഞ്ചാര കേന്ദ്ര അധികൃതർ വിജയിയെ തിരഞ്ഞെടുത്തത്. പ്രഫഷനൽ ഫൊട്ടോഗ്രഫർമാരെയെല്ലാം പിന്നിലാക്കി 23 വയസ്സുകാരനായ വ്ലോഗർ ലി സിചെൻ ലാവോജുൻ പർവതത്തിന്റെ ‘നമ്പർ 001 ക്ലൗഡ്സ്കേപ്പ് ഒബ്സർവറായി’ തിരഞ്ഞെടുക്കപ്പെട്ടു. ഇ-കൊമേഴ്സ് ബിരുദധാരിയായ ലിയുടെ ക്രിയേറ്റീവ് വിഡിയോകൾ അധികൃതരെയും കാണികളെയും ഒരുപോലെ ആകർഷിച്ചു.
പിന്നിലെ കഠിനാധ്വാനം
മേഘങ്ങളെ നോക്കിയിരുന്ന് പണം സമ്പാദിക്കുന്നത് വളരെ ലളിതമാണെന്ന് തോന്നാമെങ്കിലും കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ലെന്ന് ലി വ്യക്തമാക്കുന്നു. പുലർച്ചെ 5 മണിക്ക് എഴുന്നേറ്റ് സൂര്യോദയത്തിന് മുൻപേ ചിത്രീകരണം ആരംഭിക്കുന്ന ലിയുടെ പ്രവൃത്തിദിനം സൂര്യാസ്തമയത്തിനു ശേഷവും നീണ്ടുനിന്നു. പർവതത്തിലെ വ്യത്യസ്ത കോണുകളിൽ നിന്നും വിവിധ സമയങ്ങളിലുമുള്ള മേഘങ്ങൾ, മൂടൽമഞ്ഞ്, രാത്രിയിലെ ലൈറ്റ് ഷോകൾ എന്നിവ അദ്ദേഹം പകർത്തി.
ഈ ജോലിക്കിടെ ഡ്രോൺ പറത്തുന്നതിലും കളർ ഗ്രേഡിങ്ങിലും വിഡിയോ എഡിറ്റിങ്ങിലും പുതിയ സാങ്കേതിക കഴിവുകൾ വളർത്താൻ ലിക്ക് സാധിച്ചു. എങ്കിലും, പ്രകൃതിയുടെ അപ്രതീക്ഷിത മാറ്റങ്ങൾ പലപ്പോഴും വില്ലനായി. മേഘങ്ങളുടെ കടൽ ക്യാമറയിൽ പകർത്തുവാൻ മണിക്കൂറുകളോളം കാത്തിരുന്നിട്ടും പ്രതികൂല കാലാവസ്ഥ കാരണം ദൃശ്യങ്ങൾ ലഭിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന മാനസിക സമ്മർദം വേദനാജനകമായിരുന്നു എന്ന് ലി ഓർക്കുന്നു. തന്റെ വിഡിയോകൾ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുമോ എന്ന ചിന്തയും ലിയെ എപ്പോഴും സമ്മർദത്തിലാക്കിയിരുന്നു.
ലാവോജുൻ പർവതത്തിൽ സ്വന്തമായി വിഡിയോ നിർമാണ സംഘം ഉണ്ടായിരുന്നിട്ടും എന്തിനാണ് പുറത്തുനിന്ന് മറ്റൊരു വ്യക്തിയെ നിയമിച്ചത് എന്ന ചോദ്യത്തിന് അധികൃതർക്ക് കൃത്യമായ ഉത്തരമുണ്ടായിരുന്നു. തങ്ങളുടെ വിനോദസഞ്ചാര കേന്ദ്രത്തെ തികച്ചും വ്യത്യസ്തവും പുതിയതുമായ ഒരു കാഴ്ചപ്പാടിലൂടെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനാണ് തങ്ങൾ ആഗ്രഹിച്ചതെന്ന് ലാവോജുൻ പർവതത്തിന്റെ പ്രതിനിധിയായ ഷാങ് പറഞ്ഞു. ഭാവിയിലും ഇത്തരത്തിലുള്ള ക്ലൗഡ്സ്കേപ്പ് നിരീക്ഷകരെ നിയമിക്കുമെന്നും അവർ സൂചന നൽകി.
ചരിത്രവും പ്രകൃതിഭംഗിയും നിറഞ്ഞ ലാവോജുൻ
മധ്യ ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ ലുവാൻചുവാൻ കൗണ്ടിയിലാണ് ലാവോജുൻ പർവതം സ്ഥിതി ചെയ്യുന്നത്. ‘മേഘങ്ങളുടെ കടൽ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രകൃതിദൃശ്യങ്ങൾക്ക് പേരു കേട്ട ഈ പർവ്വതത്തിന് 2,000 വർഷത്തിലധികം പഴക്കമുണ്ട്. താവോയിസത്തിന്റെ സ്ഥാപകനായ പുരാതന ചൈനീസ് തത്ത്വചിന്തകൻ ലാവോത്സുവുമായി (Laozi) ബന്ധപ്പെട്ട പുണ്യഭൂമി കൂടിയാണിത്. ഇന്ന് ചൈനയിലെ വിനോദസഞ്ചാര മേഖലയിലെ ഏറ്റവും ഉയർന്ന റാങ്കിങ്ങായ ‘5എ-റേറ്റിങ്’ ലഭിച്ച പ്രമുഖ വിനോദസഞ്ചാര കേന്ദ്രമാണ് ലാവോജുൻ പർവതം. കഠിനാധ്വാനവും സമ്മർദവും നിറഞ്ഞതായിരുന്നുവെങ്കിലും, ഒരു മാസത്തെ ഈ അനുഭവം തന്റെ ജീവിതം മാറ്റിയതായി ലി പറയുന്നു.












Leave a Reply