ഒഴുകിയെത്തിയ സ്വർണവും പണവും (Image Credits: x.com/ Radharamn Das राधारमण दास)
കഠ്മണ്ഡു∙ കനത്ത പ്രളയത്തിൽ മുങ്ങിനിൽക്കുകയാണ് നേപ്പാൾ. മണ്ണും ചെളിയും കല്ലുകളും നിറഞ്ഞ ഇടങ്ങളിൽ ജീവനായി പിടയുന്നവർക്കായി പലയിടത്തും ഇപ്പോഴും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. എന്നാൽ ദുരന്തത്തിനിടയിലും മോഷണത്തിനിറങ്ങുന്നവരുമുണ്ടെന്ന വാർത്തകളാണ് ഇപ്പോൾ നേപ്പാളിൽ നിന്ന് കേൾക്കുന്നത്. വെള്ളത്തിൽ ഒലിച്ചുവന്ന ലോക്കറിൽ നിന്ന് പണം മോഷ്ടിച്ചവരും മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ മോഷ്ടിച്ചവരും അക്കൂട്ടത്തിലുണ്ട്.
പ്രളയജലത്തിനൊപ്പം ഒലിച്ചുവന്ന ബാങ്ക് ലോക്കർ കുത്തിപ്പൊളിച്ച് പണം കൈക്കലാക്കാൻ ശ്രമിച്ച 29പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രളയ ജലത്തിനൊപ്പം ഒഴുകിയ ലോക്കർ ധാഡിങ്ങിലെ ഗാൽച്ചി മേഖലയിലെ ത്രിശൂലി നദിയിൽ നിന്നാണ് കണ്ടെത്തിയത്. നദിയിൽ ഒലിച്ചെത്തിയ ലോക്കർ പൊളിച്ച് പണം മോഷ്ടിക്കാനാണ് നാട്ടുകാർ ശ്രമിച്ചത്. സംഭവം അറിഞ്ഞ ഉടൻ പൊലീസ് സ്ഥലത്തെത്തി നാട്ടുകരെ കസ്റ്റഡിയിലെടുത്തു.
29 പേരെയാണ് നിലവിൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ കയ്യിൽ നിന്നും 92,68,505 നേപ്പാളി രൂപ (ഏകദേശം 57 ലക്ഷം രൂപ) കണ്ടെടുത്തു. കസ്റ്റഡിയിലെടുത്തവർ ഭൂരിഭാഗവും ഗാൽച്ചി-4-ലെ മസ്താർ മേഖലയിലെ താമസക്കാരാണ്. ചിലർ ഗാൽച്ചി-6-ലെ അദംഘട്ടിൽ നിന്നും സിദ്ധാലെക്ക്-7-ലെ അദംതാറിൽ നിന്നുമുള്ളവരാണ്. 19 നും 49 നും ഇടയിൽ പ്രായമുള്ളവരാണ് പ്രതികൾ. കണ്ടെടുത്ത പണത്തിന്റെ ഉറവിടം പൊലീസ് അന്വേഷിച്ചുവരികയാണ്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
അതേസമയം, നാരായണി നദിയ്ക്ക് സമീപമാണ് മൃതദേഹത്തിൽ നിന്ന് രണ്ടുപേർ ചേർന്ന് സ്വർണക്കമ്മൽ മോഷ്ടിച്ചത്. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൃതദേഹത്തിൽ നിന്ന് രണ്ട് പുരുഷൻമാർ ചേർന്ന് കമ്മൽ ഊരിയെടുക്കുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ബുധനാഴ്ചയാണ് നേപ്പാളിൽ മിന്നൽ പ്രളയം ഉണ്ടായത്. പ്രളയത്തിൽ ഇതുവരെ 626 പേരാണ് മരിച്ചത്. 2426 പേരെ കാണാതായെന്നുമാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽനിന്നുള്ള 300 പേരും ഇക്കൂട്ടത്തിലുണ്ട്. ഇവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്.
(Disclaimer: ഈ വാർത്തയ്ക്കൊപ്പമുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Radharamn Das राधारमण दास എന്ന എക്സ് അക്കൗണ്ടിൽനിന്ന് എടുത്തിട്ടുള്ളതാണ്.)
English Summary:
Nepal is currently grappling with severe floods, with rescue operations ongoing for those stranded amidst mud and debris. However, amidst the disaster, news of looting has emerged, with individuals stealing money from a flood-swept bank locker and gold earrings from a deceased person. Authorities have apprehended 29 individuals attempting to steal money from a bank locker washed away by the floodwaters.
mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list mo-crime-robbery 40oksopiu7f7i7uq42v99dodk2-list mo-news-world-countries-nepal fbn6985il2vavnquk46cgotk7 mo-news-common-worldnews












Leave a Reply