സ്പീഡ് ട്രാക്കിൽ വാഹനങ്ങളുടെ പാർക്കിങ്; ദിശാ സൂചക ബോർഡുകൾ കണ്ണിൽപെടില്ല: ജീവനെടുക്കും ദേശീയപാത ​


ദേശീയപാത 66ൽ തൃശൂർ കയ്പമംഗലത്ത് നിർത്തിയിട്ടിരുന്ന ചരക്കു ലോറിക്കു പിന്നിൽ കാർ ഇടിച്ച് 8 പേർ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ പള്ളിപ്പുറം മുതൽ തിരുവല്ലം വരെ യാത്ര നടത്തിയപ്പോൾ കണ്ടത് അപകടം പതിയിരിക്കുന്ന പാത.

tvm-2

മുട്ടത്തറയ്ക്കു സമീപം റോഡിൽ വാഹനം പാർക്ക് ചെയ്തിരിക്കുന്നു.‌ ചിത്രങ്ങൾ: മനോരമ

6 വരി പാതയുടെ സ്പീഡ് ട്രാക്കിൽ വാഹനങ്ങൾ പാർക്ക് ചെയ്തും ദേശീയപാതയിൽനിന്ന് സർവീസ് റോഡിലേക്ക് തിരിയാനുള്ള ദിശാ സൂചക ബോർഡുകൾ സ്ഥാപിക്കാതെയും ദേശീയപാതയെ അപകടപ്പാതയാക്കുകയാണ് അധികൃതർ. കഴക്കൂട്ടത്തും ഈഞ്ചക്കലിലും നിർമാണം പാതിയിൽ നിർത്തിയ മേൽപാലങ്ങൾ അപകടസാധ്യത വർധിപ്പിക്കുന്നു.

സ്പോട്ട് 1
കഴക്കൂട്ടം മേൽപാലം അവസാനിക്കുന്ന സ്ഥലം
6 വരി പാതയിൽനിന്ന് സർവീസ് റോഡിലേക്ക് ചുരുങ്ങുന്ന കഴക്കൂട്ടം മേൽപാലം അവസാനിക്കുന്നതിനു തൊട്ടടുത്ത് സ്പീഡ് ട്രാക്കിനോടു ചേർന്ന് പാർക്ക് ചെയ്തിരിക്കുന്നത് ചരക്കു ലോറി ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതു സൂചിപ്പിക്കുന്ന ‘പാർക്കിങ് ബാരിയർ’ സ്ഥാപിക്കാതെയാണ് പാർക്കിങ്. കയ്പമംഗലത്ത് അപകടമുണ്ടാക്കിയത് ഇതേ തരത്തിലുള്ള അനധികൃത പാർക്കിങ് ആണ്.

സ്പോട്ട് 2
ഈഞ്ചക്കൽ–മുട്ടത്തറ റോഡ്
ഈഞ്ചക്കൽ മേൽപാലം നിർമാണത്തിനായി ചാക്ക മുതൽ റോഡ് അടച്ചിരിക്കുകയാണ്. സർവീസ് റോഡ് വഴിയാണ് വാഹനങ്ങൾ വിടുന്നത്. മുട്ടത്തറയ്ക്ക് സമീപം സർവീസ് റോഡിൽനിന്ന് ദേശീയപാതയിലേക്ക് വാഹനങ്ങൾ കയറുന്ന ഭാഗത്തും അനധികൃത പാർക്കിങ് തകൃതി.

ഇക്കൊല്ലം മരിച്ചവർ 36
അപകടങ്ങൾക്കു പിന്നിൽ അമിതവേഗം, വെളിച്ചക്കുറവ്, അശാസ്ത്രീയ നിർമാണം

തിരുവനന്തപുരം ∙ ദേശീയപാതയിൽ ഇക്കൊല്ലം 36 പേരുടെ ജീവനെടുത്ത അപകടങ്ങളുണ്ടായതിൽ മൂന്നിൽ രണ്ടും നിർമാണം പൂർത്തിയായ കഴക്കൂട്ടം–കാരോട് ബൈപാസ് ഭാഗത്താണ്. വാഹനങ്ങളുടെ അമിതവേഗത്തിനൊപ്പം ആവശ്യത്തിനു വെളിച്ചമില്ലാത്തതും തിരുവല്ലം ഭാഗത്തെ റോഡിന്റെ അശാസ്ത്രീയമായ നിർമാണവും അപകടകാരണങ്ങളായി.

തിരുവല്ലത്തിനും മുക്കോലയ്ക്കും ഇടയിലാണ് കൂടുതൽ അപകട മരണങ്ങളുണ്ടായത്–12 പേർ. തിരുവല്ലം പാലം, ജംക്‌ഷനു സമീപം, പാച്ചല്ലൂർ ചുടുകാട്, വാഴമുട്ടം, വെള്ളാർ എന്നിവിടങ്ങളാണ് അപകടകേന്ദ്രങ്ങൾ. ഇതിൽ ഭൂരിഭാഗവും പകൽ സമയത്തോ അർധരാത്രിക്കു മുൻപോ ആയിരുന്നു.

ൈബപ്പാസിലെ ആക്കുളം പാലം മുതൽ കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ തീരുന്നതു വരെയുള്ള പാതയിൽ ഒരു വർഷത്തിനിടെ 8 പേരുടെ ജീവൻ പൊലിഞ്ഞു. ഇവിടെ രാത്രി 12നും പുലർച്ചെ 6നും ഇടയിലാണ് കൂടുതൽ മരണമുണ്ടായത്. 6 പേർ ഈ സമയത്തുണ്ടായ അപകടങ്ങളിൽ മരിച്ചു. മരിച്ചവരിൽ പകുതി പേരും റോഡ് കടക്കാൻ ശ്രമിച്ചവരാണ്. അമിത വേഗമാണ് മിക്ക അപകടങ്ങളുടെയും കാരണം.

കോവളം–കാരോട് ഭാഗത്ത് 4 പേർ അപകടത്തിൽ മരിച്ചു. നിർമാണം നടക്കുന്ന കടമ്പാട്ടുകോണം– കഴക്കൂട്ടം ഭാഗത്ത് 12 പേരാണ് വിവിധ അപകടങ്ങളിൽ മരിച്ചത്. നാവായിക്കുളം ഇരുപത്തെട്ടാം മൈൽ, മങ്ങാട്ടുവാതുക്കൽ, കല്ലമ്പലം വലിയപള്ളി, കല്ലമ്പലം ജംക്‌ഷൻ, ആലംകോട് പൂവമ്പാറയ്ക്കു സമീപം, പള്ളിപ്പുറം, മംഗലപുരം തുടങ്ങിയവയാണ് പ്രധാന അപകട കേന്ദ്രങ്ങൾ. ഭൂരിഭാഗം അപകടങ്ങളും മരണവും ഉണ്ടായത് പകൽ സമയത്തും രാത്രി 12നു മുൻപുമാണ്.



Source link

Leave a Reply

Your email address will not be published. Required fields are marked *