ഹൽദ്വാനി ശുദ്ധീകരണ വിഷയത്തിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി ന്യൂഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച വാർത്താസമ്മേളത്തിൽ സംസാരിക്കുന്ന രാഹുൽ ഗാന്ധി. (PTI Photo/Salman Ali)
ന്യൂഡൽഹി∙ മതപരമായ ചടങ്ങിനെ ജാതീയമായി ചിത്രീകരിച്ചെന്നാരോപിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസ്. ഉത്തരാഖണ്ഡിലെ നൈനിറ്റാൾ ജില്ലയിലെ ഹൽദ്വാനി കോട്വാലി പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. രാംലീല മൈതാനത്ത് നടന്ന ശുദ്ധീകരണ ചടങ്ങിനെ കുറിച്ചുള്ള രാഹുലിന്റെ പരാമർശത്തിനു പിന്നാലെയാണ് കേസ്.
ജവാഹർ നഗർ കോളനി നിവാസിയായ അമിത് കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. ശ്രീരാമ സേന ധർമാർഥ സേവ ന്യാസിന്റെ ഭാരവാഹിയും ശുദ്ധീകരണ പ്രക്രിയയിൽ പങ്കെടുത്തയാളുമാണ് അമിത്. ശുദ്ധീകരണ ചടങ്ങിനെ അയിത്തം, പട്ടികജാതി വിഭാഗത്തിനെതിരായ അതിക്രമം എന്നിങ്ങനെ രാഹുൽ ഗാന്ധി വിശേഷിപ്പിച്ചു എന്നാണു പരാതിക്കാരൻ ചൂണ്ടിക്കാട്ടിയത്. ഓഗസ്റ്റ് 29 ന് ഡൽഹിയിൽ നടന്ന പത്രസമ്മേളനത്തിലാണ് രാഹുൽ ഈ പരാമർശം നടത്തിയതെന്നും പരാതിയിൽ പറയുന്നു.
ശുദ്ധീകരണ പ്രവൃത്തിക്ക് ഏതെങ്കിലും വ്യക്തിയുമായോ ജാതിയുമായോ ബന്ധമില്ല. എന്നിട്ടും നടന്നത് പട്ടികജാതിക്കാർക്കെതിരായ കുറ്റകൃത്യമാണെന്നു വിളിക്കുകയും ചടങ്ങിൽ പങ്കെടുത്തവർക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. യാതൊരു സ്ഥിരീകരണവുമില്ലാതെയാണ് രാഹുല് ഇങ്ങനെ പറഞ്ഞത്. വാൽമീകി സമുദായത്തിൽപെട്ട തന്നെ അയിത്തം ആചരിക്കുന്നയാളായും ദലിത് വിരുദ്ധനായും ചിത്രീകരിച്ചെന്നും ഇതു വിവിധ സമുദായങ്ങൾക്കിടയിൽ ശത്രുതയും സംഘർഷവും വളർത്താൻ വഴിവച്ചെന്നും അമിത് പരാതിയിൽ പറയുന്നുണ്ടെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പങ്കെടുത്ത ചടങ്ങിനുശേഷം സ്ഥലത്തു ‘ശുദ്ധീകരണം’ നടത്തിയ സംഭവത്തിൽ നരേന്ദ്ര മോദി നേരിട്ട് ഇടപെടണമെന്നും കേസ് എടുപ്പിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടിരുന്നു. തൊട്ടുകൂടായ്മയുടെ മറ്റൊരു രൂപമാണ് ഈ പ്രവൃത്തിയെന്നു വിശേഷിപ്പിച്ച രാഹുൽ ഗാന്ധി ഇതു ഭരണഘടനാ ലംഘനമാണെന്നും പറഞ്ഞു. ഖർഗെയ്ക്കു നീതി ലഭിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. ഡൽഹിയിൽ കോൺഗ്രസ് ആസ്ഥാനത്ത് സംഘടിപ്പിച്ച പത്രസമ്മേളത്തിലാണ് രാജ്യത്ത് ദലിതർ ഇപ്പോഴും വിവേചനം നേരിടുന്നതായി രാഹുൽ ഗാന്ധി ആരോപിച്ചത്.
English Summary:
Rahul Gandhi faces a case for allegedly misrepresenting a religious ceremony with caste connotations. The FIR was registered by Haldwani Kotwali police in Naintal district, Uttarakhand, following Rahul Gandhi’s remarks about a purification ritual held at Ramlila Maidan.
mo-news-common-latestnews mo-news-common-castediscrimination 2ms5i43pmni5gvs9sc2d9vk0ha mo-politics-leaders-rahulgandhi 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews













Leave a Reply