തളിപ്പറമ്പ് ∙ ഭക്ഷണവും മരുന്നും വാങ്ങാൻ ജനലുകളും വാതിലുകളും വയറിങ് സാമഗ്രികളും ഇളക്കിവിറ്റ തളിപ്പറമ്പ് സ്വദേശികളായ ഉഷയുടെയും മക്കളുടെയും വാർത്തയിൽ ഇടപെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ. മലയാള മനോരമയിലെ വാർത്ത കണ്ട് മുഖ്യമന്ത്രി തളിപ്പറമ്പ് എംഎൽഎ ടി.കെ. ഗോവിന്ദനെ ഫോണിൽ വിളിക്കുകയായിരുന്നു. വരാന്ത വരെ കാടുമൂടിക്കിടക്കുന്ന വീട്ടിൽ കാൻസർ രോഗിയായ അമ്മയും മാനസിക അസ്വാസ്ഥ്യവും ഓട്ടിസവും ബാധിച്ച രോഗികളായ 2 ആൺമക്കളും താമസിക്കുന്ന വാർത്ത ഇന്ന് മലയാള മനോരമ റിപ്പോർട്ട് ചെയ്തിരുന്നു.
‘‘മുഖ്യമന്ത്രി നേരിട്ട് എന്നെ വിളിച്ചു. കലക്ടർ ഇടപെട്ട് ബാക്കി കാര്യങ്ങൾ ചെയ്യും. വീടെല്ലാം മോശമായ അവസ്ഥയിലാണ്. ഗൾഫിലുള്ള സന്തോഷ് എന്ന വ്യക്തി വീട് വച്ച് കൊടുക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. പുനരധിവാസത്തിന്റെ കാര്യവും ആശുപത്രിയിലെ ചികിത്സയും ഉൾപ്പെടെ കലക്ടർ ഉറപ്പ് നൽകിയിട്ടുണ്ട്’’ – ടി.കെ. ഗോവിന്ദൻ പറഞ്ഞു.
തളിപ്പറമ്പ് നഗരസഭയിലെ കൂവോട് ഗോപാലൻപീടികയ്ക്ക് സമീപം പഞ്ചളായിയിലെ ഉഷ(55)യും 33, 23 വയസ്സുകാരായ മക്കളുമാണ് ദുരിതജീവിതം നയിക്കുന്നത്. കാൻസർ സ്ഥിരീകരിച്ച ഉഷയ്ക്ക് ഇപ്പോൾ ചികിത്സയും മരുന്നുമില്ല. എന്നാൽ ഇവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെങ്കിലും ഇവർ സ്വീകരിക്കാറില്ലെന്നാണ് നാട്ടുകാർ പറയുന്നത്. മൂത്ത മകൻ ജോലിക്ക് പോയാണ് മുൻപ് കുടുംബം പുലർത്തിയിരുന്നത്. എന്നാൽ ഉഷയ്ക്ക് കാൻസർ സ്ഥിരീകരിച്ചോടെ ഇവരുടെ ജീവിതം പ്രതിസന്ധിയിലാവുകയായിരുന്നു. പിഎംഎവൈ സ്കീമിൽ ഉൾപ്പെടുത്തിയാണ് ഇവർക്ക് വീട് നിർമിച്ചുനൽകിയത്. അമ്മയ്ക്ക് കാൻസർ ബാധിച്ചതോടെ മനസ്സിന്റെ താളം തെറ്റിയ മകൻ പിന്നീട് ജോലിക്ക് പോകാതായി. ഇളയ മകന് ലഭിക്കുന്ന ഭിന്നശേഷി പെൻഷനാണ് ഇവരുടെ ഏക വരുമാനം. ഓട്ടിസം ബാധിച്ച ഈ കുട്ടിയെ നഗരസഭാ അധികൃതർ ഇടപെട്ട് ബഡ്സ് സ്കൂളിൽ അയച്ചുതുടങ്ങിയിരുന്നെങ്കിലും പിന്നീട് ഇതും നിലച്ചു.
ഇതിനുശേഷമാണ് വീടിന്റെ ജനലുകളും വാതിലുകളും ഓരോന്നായി ഇളക്കി വിൽക്കാൻ തുടങ്ങിയത്. പിന്നീട് വയറിങ്ങും സ്വിച്ച് ബോർഡുകളും ഉൾപ്പെടെ ഇളക്കി എടുത്ത് വിൽക്കാൻ തുടങ്ങി. ഇപ്പോൾ വരാന്തയിൽ ബാക്കിയുള്ള ജനലും ഇളക്കിത്തുടങ്ങിയിട്ടുണ്ട്. ഇവ താൻ തന്നെയാണ് ഇളക്കിയെടുത്തതെന്ന് മൂത്തമകൻ പറഞ്ഞു. ആകെയുള്ള ഒരു കട്ടിലിൽ പായ പോലും വിരിക്കാനില്ലാതെയാണ് ഉഷ അന്തിയുറങ്ങുന്നത്. ധരിക്കുന്ന വസ്ത്രമല്ലാതെ മറ്റൊരു തുണിയും ഇല്ലാത്ത വീട്ടിൽ വെറും നിലത്താണ് 2 മക്കളും കിടക്കുന്നത് രാത്രിയിൽ ഇവർ വെളിച്ചവും ഉപയോഗിക്കാറില്ല. കീറിയ തുണിക്കഷ്ണങ്ങൾ ചേർത്തുകെട്ടി കയറുണ്ടാക്കി കിണറ്റിൽ നിന്ന് നേരിട്ട് വെള്ളം കോരി എടുക്കും. തുറന്നുകിടക്കുന്ന ശുചിമുറിയ്ക്ക് മാലിന്യടാങ്കില്ല. പകരം ഒരു കുഴി മാത്രം. ഏതാനും ദിവസങ്ങൾക്ക് മുൻപ് മുഷിഞ്ഞ വസ്ത്രങ്ങളുമായി ഇവർ തളിപ്പറമ്പിലൂടെ നടക്കുന്നത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് തളിപ്പറമ്പ് പൊലീസിന്റെയും കെഎപി മൈത്രി പാലിയേറ്റീവ് യൂണിറ്റിന്റെയും നേതൃത്വത്തിൽ ഇവരുടെ വീട്ടിൽ അന്വേഷിച്ചെത്തിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന ജീവിതാവസ്ഥ പുറത്തുവന്നത്. ഇവർക്കൊപ്പം തന്നെയാണ് നായ്ക്കളും കഴിയുന്നത്. അവയാണ് മുറികളിൽ കുഴികൾ നിർമിച്ചതെന്ന് ഇവർ പറയുന്നു.
English Summary:
Taliparamba destitute family, comprising a cancer-stricken mother and her two mentally challenged sons, will be rehabilitated and provided with a new home following immediate government intervention prompted by a *Malayala Manorama* report. Supported by the District Collector and a generous Gulf-based expatriate, authorities have arranged urgent hospital care, essential supplies, and permanent housing to rescue the household from severe poverty.
mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list mo-news-common-manorama-impact 40oksopiu7f7i7uq42v99dodk2-list mo-news-common-kannurnews 273rf2lih9l88dt37qt4d3eooe mo-politics-leaders-vdsatheesan mo-news-common-keralanews















Leave a Reply