ഉത്രാടപ്പാച്ചിലിനിടയിൽ സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് ആശ്വസിക്കാം. സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഗ്രാമിന് 20 രൂപ കുറഞ്ഞ് 15,010 രൂപയിലെത്തി. പവൻ വില 160 രൂപ ഇടിഞ്ഞ് 1,20,080 രൂപയുമായി. രാജ്യാന്തര വിപണിയിലെ സ്വർണവിലയും ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്കും കണക്കിലെടുത്താണ് മാറ്റമെന്ന് വ്യാപാരികൾ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ വില വലിയ രീതിയിൽ വർധിച്ചിരുന്നു.
രാജ്യാന്തര വിപണിയിൽ കഴിഞ്ഞ ദിവസങ്ങളിൽ കുതിച്ചുയർന്ന സ്വർണവില നിലവിൽ അൽപം പരുങ്ങലിലാണ്. ഇന്നലെ ഔൺസിന് 4635 ഡോളറിൽ ക്ലോസ് ചെയ്ത സ്വർണം ഇന്ന് 4696 ഡോളർ വരെ ഉയർന്നെങ്കിലും നിലവിൽ 4634 ഡോളറിലേക്ക് ഇടിഞ്ഞു. ബുധനാഴ്ച പുറത്തു വരുന്ന യുഎസ് പണപ്പെരുപ്പ കണക്കുകളിലേക്കും വെള്ളിയാഴ്ച ജാക്ക്സൺ ഹോൾ സിംപോസിയത്തിൽ ഫെഡ് ചെയർമാൻ കെവിൻ വാർഷ് നടത്തുന്ന പ്രഭാഷണത്തിലേക്കും നിക്ഷേപകരുടെ ശ്രദ്ധ മാറിയതോടെയാണിത്. ഇതിലൂടെ അമേരിക്കൻ അടിസ്ഥാന പലിശ നിരക്ക് ഏതു രീതിയിൽ നീങ്ങുമെന്ന കാര്യത്തിൽ ഏകദേശ ധാരണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ.
അതേസമയം, സ്വർണവില വർധിക്കാനുള്ള സാഹചര്യങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. കടപത്ര വിപണിയിൽ ട്രഷറി വകുപ്പ് നടത്തിയ ഇടപെടലാണ് കഴിഞ്ഞ ദിവസങ്ങളിൽ വിലക്കുതിപ്പിന് കാരണമായത്. 10-30 വർഷ കാലാവധിയുള്ള കടപത്രങ്ങൾ തിരിച്ചു വാങ്ങുന്നത് ഇരട്ടിയാക്കുമെന്ന് അടുത്തിടെ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് പറഞ്ഞിരുന്നു. ഇതോടെ കടപത്രങ്ങളിൽ നിന്നുള്ള നേട്ടം (യീൽഡ്) കുറഞ്ഞു. നിക്ഷേപകർ കൂടുതൽ ലാഭം കിട്ടുന്ന സ്വർണത്തിലേക്ക് മാറുകയും ചെയ്തു. ഇറാനും യുഎസും തമ്മിലുള്ള സംഘർഷത്തിന് പരിഹാരമാകാത്തതും ക്രൂഡോയിൽ വില ഉയർന്നതും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന്റെ ഡിമാൻഡ് കൂട്ടി. അമേരിക്കൻ ഡോളറിന്റെ വിനിമയ നിരക്കിലുണ്ടായ കുറവും വില ഉയരാൻ കാരണമായി.
ഒറ്റ വർഷം കൂടിയത് 45,000 രൂപ
കഴിഞ്ഞ ഒരു വർഷത്തിനിടെ കേരളത്തിലെ സ്വർണവിലയിലുണ്ടായത് വലിയ വർധന. ഗ്രാമിന് 5,715 രൂപയും പവന് 45,720 രൂപയും കൂടി (2025 ഓഗസ്റ്റ് 24ലെ നിരക്ക് അനുസരിച്ച്). ഏകദേശം 62 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായത്. രാജ്യാന്തര വിപണിയിലെ വില വർധനയ്ക്കു പുറമെ ഇറക്കുമതി തീരുവയും രൂപയുടെ വിനിമയ നിരക്കിലുണ്ടായ മാറ്റവുമാണ് കാരണം. ഇറക്കുമതി തീരുവ പൂർണമായും ഒഴിവാക്കിയാൽ ഗ്രാമിന് ഏകദേശം 3000 രൂപ വരെ വില കുറയാൻ സാധ്യതയുണ്ടെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്.അബ്ദുൽ നാസർ പറഞ്ഞു.
ഇന്നത്തെ വിലയിൽ കേരളത്തിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ പത്തുശതമാനം പണിക്കൂലിയും നികുതിയും സഹിതം 1.36 ലക്ഷം രൂപ വേണ്ടി വരും. കനം കുറഞ്ഞ സ്വർണാഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണം ഗ്രാമിന് 15 രൂപ കുറഞ്ഞ് 12,335 രൂപയിലെത്തി. ഗ്രാമിന് 260 രൂപയിലാണ് വെള്ളി വ്യാപാരം.
English Summary:
Why did Kerala gold prices decline today, and what could US inflation, interest rates and global tensions mean for gold buyers?
mo-news-common-latestnews mo-business-business-news mo-business-commodity-price qrqtg4gbigea135fj4leq579b 7q27nanmp7mo3bduka3suu4a45-list mo-business-goldpricetoday 6u09ctg20ta4a9830le53lcunl-list mo-business-silver














Leave a Reply