അയോധ്യയിലെ സംഭാവനക്കൊള്ള പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകന്‍ അഭിഷേക് ഉപാധ്യായയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി | Supreme Court Stays Arrest of Journalist Abhishek Upadhyay in UP


ന്യൂഡൽഹി: അയോധ്യാ രാമക്ഷേത്ര സംഭാവനക്കൊള്ള സംബന്ധിച്ച വിവരങ്ങൾ പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകനെതിരെ എടുത്ത വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി അറസ്റ്റ് തടഞ്ഞു. വാഹനാപകടവുമായി ബന്ധപ്പെട്ട തർക്കത്തിൽ മാധ്യമപ്രവർത്തകൻ അഭിഷേക് ഉപാധ്യായക്കെതിരെ രജിസ്റ്റർചെയ്ത കേസിൽ ഉത്തർപ്രദേശ് പോലീസ് നടത്തുന്ന നിർബന്ധിത നടപടികൾ തടഞ്ഞുകൊണ്ടാണ് സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

To advertise here,

യുപി പൊലീസ് അദ്ദേഹത്തിനെതിരെ രജിസ്റ്റർ ചെയ്‌തേക്കാവുന്ന ഭാവിയിലെ ഏത് എഫ്‌ഐആറിനും ഈ ഇടക്കാല സംരക്ഷണം ബാധകമാക്കുമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

രജിസ്റ്റർചെയ്ത എഫ്‌ഐആറിന്റെ പകർപ്പ് അദ്ദേഹത്തിന് നൽകാൻ കോടതി പോലീസിന് നിർദ്ദേശം നൽകി. എഫ്‌ഐആർ പകർപ്പ് ലഭിച്ചുകഴിഞ്ഞാൽ, ഉചിതമായ പരിഹാരങ്ങൾ തേടി അദ്ദേഹത്തിന് അലഹബാദ് ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. എഫ്‌ഐആർ കൈമാറിയ റിപ്പോർട്ട് സെപ്റ്റംബർ ഏഴിന് മുൻപായി സമർപ്പിക്കാൻ ഗാസിയാബാദ് പോലീസ് കമ്മിഷണറോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ഗാസിയാബാദിൽ നടന്ന റോഡിലെ തർക്കവുമായി ബന്ധപ്പെട്ടാണ് എസ്.സി., എസ്.ടി. നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടെ ചുമത്തി തന്റെപേരിൽ ഒന്നിലേറെ കേസെടുത്തതെന്ന് അഭിഷേക് ഉപാധ്യായ ആരോപിച്ചത്. ഇത് ചോദ്യംചെയ്ത് സമർപ്പിച്ച ഹർജി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് പരിഗണിച്ചത്.

അയോധ്യ സംഭാവനാ തട്ടിപ്പ് പുറത്തുകൊണ്ടുവന്നു എന്നതാണ് ഹർജിക്കാരൻ ചെയ്ത ‘ക്ഷമിക്കാനാവാത്ത കുറ്റം’ എന്നും, അതിന്റെ പേരിലാണ് കേസെടുത്തതെന്നും അഭിഷേക് ഉപാധ്യായയുടെ അഭിഭാഷൻ വാദിച്ചു. നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കുന്നതിനായി കേസ് അന്വേഷണം ഒരു സ്വതന്ത്ര ഏജൻസിയെ ഏൽപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

എഫ്‌ഐആറിലെ ആരോപണങ്ങൾ പൂർണമായും അടിസ്ഥാനരഹിതമാണെന്നും സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ അത് സ്ഥിരീകരിക്കുമെന്നും അഭിഭാഷകൻ അവകാശപ്പെട്ടു. സിസിടിവി രേഖകൾ സൂക്ഷിച്ചുവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിങ്ങൾക്കുള്ള ആശങ്കയെ മാനിക്കുന്നുവെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് ഹൈക്കോടതിയെ സമീപിക്കാനും അതുവരെ താത്കാലിക സംരക്ഷണം നൽകാമെന്നും അറിയിക്കുകയായിരുന്നു.

‘നിങ്ങളുടെ ആശങ്ക ഞങ്ങൾ മനസ്സിലാക്കുന്നു. നിങ്ങൾ ഹൈക്കോടതിയെ സമീപിക്കൂ, കേസ് റദ്ദാക്കാനുള്ള ശക്തമായ കാരണം ബോധിപ്പിക്കാൻ കഴിയുമെങ്കിൽ ശരി. അതുവരെ ഞങ്ങൾ നിങ്ങൾക്ക് താൽക്കാലിക സംരക്ഷണം നൽകാം’, ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.

ഓഗസ്റ്റ് 18-നാണ് അഭിഷേക് ഉപാധ്യായക്കെതിരെ കേസെടുത്തതിലേക്ക് നയിച്ച സംഭവം നടക്കുന്നത്. ഗാസിയാബാദിലെ ഇന്ദിരാപുരം പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് 18-ന് സ്‌കൂളിൽനിന്ന് മകളേയും കൂട്ടി കാറിൽ വരുമ്പോൾ ഗാസിയാബാദിലെ ഷിപ്രാ മാളിനടത്തുവെച്ച് മോട്ടോർ സൈക്കിളിലെത്തിയ വ്യക്തി പ്രശ്നങ്ങളുണ്ടാക്കുകയായിരുന്നെന്ന് ഉപാധ്യായ പറഞ്ഞു.

ബൈക്കിൽ കാർ തട്ടിയെന്നായിരുന്നു ആരോപണം. എന്നാൽ, മകൾകൂടി കാറിലുണ്ടായിരുന്നതിനാൽ താൻ പ്രശ്നങ്ങളൊന്നുമുണ്ടാക്കാതെ അവിടെനിന്ന് പോയി. പിന്നീട് പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് ഓഗസ്റ്റ് 20-ന് തന്റെ വീട്ടിൽ പരിശോധന നടത്തിയെന്നും അറസ്റ്റ് ചെയ്യാനിടയുണ്ടെന്നും ഉപാധ്യായ ചൂണ്ടിക്കാട്ടി. സംഭവം നടന്നതിന്റെ തൊട്ടടുത്തുള്ള കടകളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് ഡിലീറ്റ് ചെയ്യിച്ചെന്നാണ് ഉപാധ്യായയുടെ ആരോപണം. ഉത്തർപ്രദേശിലെ അഴിമതികളെയും ക്രമക്കേടുകളെയും കുറിച്ച് താൻ നടത്തിയ അന്വേഷണാത്മക റിപ്പോർട്ടിങ്ങുകളാണ് തനിക്കെതിരെയുള്ള നടപടികൾക്ക് പിന്നിലെന്നും അദ്ദേഹം ആരോപിക്കുന്നു.

Content Highlights: Supreme Court stays coercive action and arrest against journalist Abhishek Upadhyay., Interim protection applies to any future FIRs filed by UP Police., Upadhyay claims the case is linked to his investigative report on the Ayodhya temple donation scam., Court directed Ghaziabad Police to provide a copy of the FIR, allowing him to approach the Allahabad High Court.

Published: 25 Aug 2026, 03:00 pm IST

Get Latest Mathrubhumi Updates in English

Follow

Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Source link

Leave a Reply

Your email address will not be published. Required fields are marked *