റോജ’യിലെയും ‘ബോംബെ’യിലെയും ആ ചോക്ലേറ്റ് ഹീറോയെ അത്രപെട്ടെന്നൊന്നും ആർക്കും മറക്കാനാകില്ല. ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും വലിയ തരംഗമായിരുന്ന അരവിന്ദ് സ്വാമി. സിനിമയിലെ നായക വേഷങ്ങളിൽ നിന്നും പെട്ടെന്ന് അപ്രത്യക്ഷനായി, പിന്നീട് കോടികളുടെ ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുക്കുകയും, കടുത്ത ശാരീരിക പ്രതിസന്ധികളെ അതിജീവിച്ച് വീണ്ടും സിനിമയിലേക്ക് മാസ്സ് എൻട്രി നടത്തുകയും ചെയ്ത അരവിന്ദ് സ്വാമിയുടെ ജീവിതം ഏതൊരു സിനിമാക്കഥയെയും വെല്ലുന്ന ഒന്നാണ്.
ഈ വിജയങ്ങളിലേക്കുള്ള അദ്ദേഹത്തിന്റെ തുടക്കം അത്ര എളുപ്പമുള്ളതായിരുന്നില്ല. ചെന്നൈ ലയോള കോളേജിൽ പഠിക്കുന്ന സമയത്ത് കോളേജ് നാടക ഗ്രൂപ്പിൽ അഭിനയിക്കാൻ ചെന്ന അരവിന്ദ് സ്വാമിയെ അവർ ഗ്രൂപ്പിൽ എടുക്കാതെ പുറത്താക്കുകയാണുണ്ടായത്! തുടർന്ന് പോക്കറ്റ് മണിക്ക് വേണ്ടി താരം പാർട്ട് ടൈം ആയി മോഡലിംഗ് ചെയ്യാൻ തുടങ്ങി. അങ്ങനെ ചെയ്ത പരസ്യങ്ങളിലൊന്നാണ് പ്രശസ്ത സംവിധായകൻ മണിരത്നത്തിന്റെ കണ്ണിൽ പെടുന്നത്. ആ ഒരു കൂടിക്കാഴ്ച അരവിന്ദ് സ്വാമിയുടെ ജീവിതം തന്നെ മാറ്റിമറിച്ചു.
/filters:format(webp)/indian-express-malayalam/media/media_files/2026/02/23/aravind-swamy-10-2026-02-23-14-46-33.jpg)
കുട്ടിക്കാലത്ത് ഒരു ഡോക്ടർ ആകാൻ ആഗ്രഹിച്ച അരവിന്ദ് സ്വാമി 1991-ൽ മണിരത്നത്തിന്റെ ‘ദളപതി’ എന്ന മാസ്സ് ചിത്രത്തിലൂടെയാണ് സിനിമാലോകത്തേക്ക് എത്തിയത്. മമ്മൂട്ടിക്കും രജനീകാന്തിനുമൊപ്പം കളക്ടർ അർജുൻ എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് താരം കൈയടി നേടി. തൊട്ടടുത്ത വർഷം മണിരത്നം തന്നെ അദ്ദേഹത്തെ ‘റോജ’യിലെ നായകനാക്കി. ചിത്രം ഇന്ത്യയൊട്ടാകെ തരംഗമായതോടെ ചുരുങ്ങിയ സമയം കൊണ്ട് അരവിന്ദ് സ്വാമി ഇന്ത്യയിലെ തന്നെ ഏറ്റവും ഡിമാന്റുള്ള നായകന്മാരിലൊരാളായി മാറി. പിന്നീട് ‘ബോംബെ’, കാജോളിനൊപ്പം അഭിനയിച്ച ‘മിൻസാര കനവ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹം തന്റെ സ്ഥാനം ഉറപ്പിച്ചു.
Also Read: നാഗാർജുനയും ജയറാമും മുതൽ ദിലീപ് വരെ; കല്യാൺ നവരാത്രിയിൽ തിളങ്ങി താരങ്ങൾ
/filters:format(webp)/indian-express-malayalam/media/media_files/2026/02/23/aravind-swamy-2-2026-02-23-14-45-26.jpg)
തൊണ്ണൂറുകളുടെ അവസാനത്തോടെ സിനിമകളിൽ നിന്നും താരം പെട്ടെന്ന് ഒരു ഇടവേളയെടുത്തു. മണിരത്നത്തിന്റെ ‘അലൈപായുതേ’ എന്ന ചിത്രത്തിലെ അതിഥി വേഷത്തിന് ശേഷം അദ്ദേഹം അഭിനയം പൂർണ്ണമായി നിർത്തി സ്വന്തം കുടുംബ ബിസിനസ്സിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.
​ബിസിനസ്സ് രംഗത്തും അദ്ദേഹം തന്റെ അസാധ്യ പ്രതിഭ തെളിയിച്ചു. വി.ഡി. സ്വാമി ആൻഡ് കമ്പനി, ഇന്റർപ്രോ ഗ്ലോബൽ തുടങ്ങിയ പ്രമുഖ കമ്പനികളുടെ നേതൃസ്ഥാനം ഏറ്റെടുത്ത അദ്ദേഹം 2005-ൽ ‘ടാറ്റലന്റ് മാക്സിമസ്’ എന്ന പേരിൽ സ്വന്തമായി ഒരു കമ്പനി ആരംഭിച്ചു. 2022-ലെ കണക്കുകൾ പ്രകാരം ഏകദേശം 3300 കോടി രൂപയോളമാണ് ഈ കമ്പനിയുടെ മൂല്യം! സിനിമയുടെ ഉച്ചസ്ഥായിൽ നിൽക്കുമ്പോൾ എല്ലാം ഉപേക്ഷിച്ചിറങ്ങിയ ഒരാളുടെ രണ്ടാമത്തെ വരവ് ബിസിനസ്സ് ലോകത്തെപ്പോലും ഞെട്ടിക്കുന്നതായിരുന്നു.
/filters:format(webp)/indian-express-malayalam/media/media_files/2026/02/23/aravind-swamy-8-2026-02-23-14-46-33.jpg)
ഇതിനിടെ 2005ൽ ആണ് അരവിന്ദ് സ്വാമിയുടെ ജീവിതം മാറ്റിമറിച്ച അപകടം ഉണ്ടാവുന്നത്. അപകടത്തിൽ നട്ടെല്ലിന് ഗുരുതരമായി പരിക്കേൽക്കുകയും ഒരു കാലിന് ഭാഗികമായി പക്ഷാഘാതം സംഭവിക്കുകയും ചെയ്തു. കടുത്ത വേദനയോടെ നാലഞ്ച് വർഷത്തോളമാണ് അദ്ദേഹം ചികിത്സയിൽ കഴിഞ്ഞത്.
​ഇതേ കാലയളവിൽ തന്നെയായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിലെ തകർച്ചയും. 1994-ൽ ഗായത്രി രാമമൂർത്തിയെ വിവാഹം കഴിച്ച അദ്ദേഹത്തിന് അധീര, രുദ്ര എന്നീ രണ്ട് മക്കളുണ്ട്. എന്നാൽ ഏഴ് വർഷത്തോളം വേർപിരിഞ്ഞു താമസിച്ച ശേഷം 2010-ൽ ഇവർ ഔദ്യോഗികമായി വിവാഹമോചനം നേടി. മക്കളുടെ പൂർണ്ണ ഉത്തരവാദിത്തം അരവിന്ദ് സ്വാമിക്കായിരുന്നു.
/filters:format(webp)/indian-express-malayalam/media/media_files/2026/02/23/aravind-swamy-6-2026-02-23-14-46-33.jpg)
​നട്ടെല്ലിനേറ്റ പരിക്കിൽ നിന്നും പൂർണ്ണമായി മുക്തനായ ശേഷവും മണിരത്നം തന്നെയാണ് അദ്ദേഹത്തെ വീണ്ടും സിനിമയിലേക്ക് വിളിക്കുന്നത്. 2013-ൽ പുറത്തിറങ്ങിയ ‘കടൽ’ എന്ന ചിത്രത്തിന് വേണ്ടി 15 കിലോയോളം ഭാരം കുറച്ചാണ് താരം ക്യാമറയ്ക്ക് മുന്നിലെത്തിയത്.എന്നാൽ അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച രണ്ടാമത്തെ വരവ് അടയാളപ്പെടുത്തിയത് 2015-ൽ പുറത്തിറങ്ങിയ ‘തനി ഒരുവൻ’ എന്ന ചിത്രത്തിലെ സിദ്ധാർത്ഥ് അഭിമന്യു എന്ന സ്റ്റൈലിഷ് വില്ലൻ കഥാപാത്രത്തിലൂടെയായിരുന്നു. നായകനേക്കാൾ കൈയടി നേടിയ ആ വില്ലൻ വേഷത്തിന് ശേഷം ‘ചെക്ക ചിവന്ത വാനം’, എം.ജി.ആറായി വേഷമിട്ട ‘തലൈവി’, ഒടുവിൽ പുറത്തിറങ്ങിയ ‘മെയ്യഴകൻ’ വരെ എത്തിനിൽക്കുന്നു അദ്ദേഹത്തിന്റെ സിനിമായാത്ര. 2021-ൽ നെറ്റ്ഫ്ലിക്സിന്റെ ‘നവരസ’ എന്ന ആന്തോളജിയിലൂടെ അദ്ദേഹം സംവിധായകനായും അരങ്ങേറ്റം കുറിച്ചു.














Leave a Reply