അമ്മയുടെ ഭരതനാട്യ പ്രകടനം കണ്ട് വികാരാധീനനായി നീരജ് മാധവ്. കോഴിക്കോട് തളി ക്ഷേത്രത്തിൽ ഗുരുവിനും സഹനർത്തകർക്കൊപ്പം ഭരതനാട്യം അവതരിപ്പിക്കുന്ന അമ്മയുടെ വിഡിയോ നീരജ് തന്നെയാണ് സ്വന്തം പേജിൽ പങ്കുവച്ചത്. അറുപത്തിയൊന്നാം വയസ്സിലും അസാധ്യ മികവോടു കൂടി ഭരതനാട്യം അവതരിപ്പിക്കുന്ന ലത മാധവനെ വിഡിയോയിൽ കാണാം. സ്കൂളിൽ പഠിക്കുമ്പോൾ ചിട്ടയായി നൃത്തം പരിശീലിക്കുകയും സംസ്ഥാനതലത്തിൽ വിജയി ആവുകയും ചെയ്ത അമ്മ പിന്നീട് കുടുംബജീവിതത്തിന്റെ തിരക്കിനിടയിൽ നൃത്തത്തോടുള്ള ഇഷ്ടം കുറച്ചു കാലത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നുവെന്ന് നീരജ് പറയുന്നു. അമ്മ അവതരിപ്പിക്കുന്ന നൃത്ത പരിപാടികളുടെ വിഡിയോ പലപ്പോഴായി കണ്ടിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ലൈവായി പ്രകടനം കാണുന്നതെന്ന് നീരജ് വെളിപ്പെടുത്തി. ആ കാഴ്ച തന്റെ മനസ്സിനെ ഇത്രയേറെ സ്പർശിക്കുമെന്ന് കരുതിയില്ലെന്ന് നീരജ് കുറിച്ചു. ഒരു സമ്പൂർണ ഭരതനാട്യ കച്ചേരി അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അമ്മയെന്നും താരം വെളിപ്പെടുത്തി.
നീരജിന്റെ വാക്കുകൾ:
കുട്ടിക്കാലം തൊട്ടേ അമ്മയെ ഞാൻ കണ്ടിട്ടുള്ളത് ശാസ്ത്രീയനൃത്തത്തെ ജീവശ്വാസമായി കൊണ്ടുനടന്ന ഒരാളായിട്ടാണ്. സ്കൂൾ കലോത്സവങ്ങളിൽ സംസ്ഥാനതലത്തിൽ വിജയിയായിരുന്നെങ്കിലും, ജീവിതം അമ്മയ്ക്കായി കരുതിവെച്ചത് മറ്റൊന്നായിരുന്നു. അമ്മ പിന്നീട് ഒരു സ്കൂൾ അധ്യാപികയായി. കരിയറും കുടുംബവും ഉത്തരവാദിത്തങ്ങളുമൊക്കെയായി മുന്നോട്ടുപോയപ്പോൾ, എവിടെയോ വെച്ച് നൃത്തം പിൻനിരയിലേക്ക് മാറ്റിവെക്കേണ്ടി വന്നു. എങ്കിലും, ആ സ്വപ്നം അമ്മ ഒരിക്കലും പൂർണ്ണമായി കൈവിട്ടിരുന്നില്ല.
അവസരം കിട്ടുമ്പോഴൊക്കെ അമ്മ പരിശീലിക്കുകയും വേദികളിൽ ചുവടുവയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോൾ അധ്യാപന ജീവിതത്തിൽ നിന്ന് വിരമിച്ച്, അറുപത്തിയൊന്നാം വയസ്സിലെത്തി നിൽക്കുമ്പോൾ, നൃത്തം എത്രത്തോളം അർഹിച്ചിരുന്നോ അത്രയും സമയവും സമർപ്പണവും അമ്മ അതിനായി പൂർണ്ണമായി നീക്കിവയ്ക്കുകയാണ്.
അമ്മയുടെ ഈ ആത്മാർഥതയാണ് എന്നെ എന്നും അദ്ഭുതപ്പെടുത്തുന്നത്. സ്കൂൾ കാലത്തെ അതേ ആവേശത്തോടും നിശ്ചയദാർഢ്യത്തോടും കൂടി വേദികൾക്കായി തയാറെടുക്കാൻ അമ്മ മണിക്കൂറുകളോളം, ചിലപ്പോൾ പാതിരാത്രി വരെയും പരിശീലനം നടത്തും. ആരും നിർബന്ധിച്ചിട്ടോ പ്രചോദിപ്പിച്ചിട്ടോ ഒന്നുമല്ലിത്; കലയോടുള്ള മായം ചേർക്കാത്ത പ്രണയം ഒന്നുകൊണ്ടുമാത്രം. ചിലങ്കയണിയുമ്പോൾ താൻ എത്രമാത്രം സന്തോഷവതിയാണെന്ന് അമ്മ പലപ്പോഴും എന്നോട് പറയാറുണ്ട്. അമ്മയുടെ നൃത്തത്തെ ഇത്രമേൽ ഹൃദ്യമാക്കുന്നതും ആ സന്തോഷം തന്നെയാണെന്ന് എനിക്ക് തോന്നുന്നു.
ഞാൻ അധികവും വീട്ടിൽ ഉണ്ടാവാറില്ലാത്തതുകൊണ്ട്, അമ്മയുടെ നൃത്തസംഘത്തോടൊപ്പമുള്ള പരിപാടികളുടെ വീഡിയോകളാണ് സാധാരണ കാണാറുള്ളത്. ഇപ്പോൾ ദീപ്തി പരോൾ എന്ന ഗുരുവിന്റെ കീഴിൽ നൃത്തം അഭ്യസിക്കുന്ന അമ്മ വിവിധ വേദികളിൽ നൃത്തം അവതരിപ്പിക്കാറുണ്ട്. മുൻപും അമ്മയുടെ നൃത്തം കണ്ടിട്ടുണ്ടെങ്കിലും, ഈയടുത്ത് നവരാത്രിക്കാലത്ത് കോഴിക്കോട് തളി ക്ഷേത്രത്തിൽ വെച്ച് അമ്മയുടെ പ്രകടനം വേദിക്ക് മുന്നിലിരുന്ന് നേരിൽ കാണാൻ എനിക്കൊരവസരം കിട്ടി.
പക്ഷേ, ആ കാഴ്ച എന്റെ മനസ്സിനെ ഇത്രയേറെ തൊടുമെന്ന് ഞാൻ ഒട്ടും കരുതിയിരുന്നില്ല.
ഏറ്റവും ഇഷ്ടപ്പെടുന്ന നൃത്തത്തെ തന്റെ യൗവനകാലത്ത് എത്രയോ വർഷങ്ങൾ അമ്മയ്ക്ക് മാറ്റിവയ്ക്കേണ്ടി വന്നിട്ടുണ്ട്. ആ അമ്മ അത്രമേൽ ലാസ്യഭംഗിയോടെയും ആത്മവിശ്വാസത്തോടെയും ആനന്ദത്തോടെയും ചുവടുവയ്ക്കുന്നത് കണ്ടപ്പോൾ കണ്ണു നിറഞ്ഞുപോയി. ഒട്ടും വിട്ടുവീഴ്ചയില്ലാത്ത സമർപ്പണത്തോടെ, തനിക്കേറ്റവും പ്രിയപ്പെട്ട ഒന്നിൽ അമ്മ സ്വയം മറന്നിരിക്കുന്നത് കാണാൻ വല്ലാത്തൊരു ചന്തമുണ്ടായിരുന്നു.
ഇനി തനിച്ചൊരു സമ്പൂർണ്ണ ഭരതനാട്യക്കച്ചേരി അവതരിപ്പിക്കുക എന്നതാണ് അമ്മയുടെ ഇപ്പോഴത്തെ ഏറ്റവും വലിയ സ്വപ്നം. അമ്മയുടെ ആ ആഗ്രഹം ഞങ്ങൾ സാക്ഷാത്കരിക്കുക തന്നെ ചെയ്യും; അമ്മയെയും അമ്മയുടെ ഈ സുന്ദരമായ യാത്രയെയും ഹൃദയപൂർവം ആഘോഷിക്കുന്ന തരത്തിൽ തന്നെ!
രണ്ടര മില്യൻ ആളുകളാണ് ഇതിനോടകം നീരജ് മാധവന്റെ വിഡിയോ കണ്ടത്. താരത്തിന്റെ അമ്മ ലത മാധവന്റെ നൃത്തത്തോടുള്ള ആത്മസമർപ്പണത്തെക്കുറിച്ച് വാചാലയാകുന്ന ഗുരുവിനെ വിഡിയോയിൽ കാണാം. ‘നടൻ നീരജ് മാധവിന്റെ അമ്മയാണ് ലത ടീച്ചർ. ഞങ്ങൾ തിരിച്ചാണ് പറയുക. ലത ടീച്ചറിന്റെ മകനാണ് നീരജ്. എല്ലാവർക്കും പ്രചോദനമാകട്ടെ എന്നു വിചാരിച്ചാണ് ഞാൻ പറയുന്നത്. ഒരു ക്ലാസു പോലും മുടക്കാതെ, യാതൊരു വിട്ടുവീഴ്ചകളും ഇല്ലാതെ നൃത്ത ക്ലാസിലേക്ക് വരുന്ന റിട്ടയേർഡ് അധ്യാപികയാണ്,’ എന്നാണ് ലത മാധവനെ സദസ്സിനു പരിചയപ്പെടുത്തി ഗുരു പറഞ്ഞത്. നീരജ് മാധവിന്റെ നൃത്തപ്രകടനത്തിന്റെ ഭംഗിയും വഴക്കവും എവിടെ നിന്നു വരുന്നു എന്നതിന്റെ ഉത്തരമാണ് അമ്മയുടെ ഡാൻസ് എന്നാണ് ഒരു ആരാധകൻ കുറിച്ചത്. ഈ പ്രായത്തിലും അസാധാരണ ചാരുതയോടെയാണ് നീരജിന്റെ അമ്മ നൃത്തം ചെയ്യുന്നതെന്ന് നിരവധി പേർ കുറിച്ചു.













Leave a Reply